‘ഇടതുപാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപി നീക്കം’… ഇ.പി. ജയരാജൻ

കാസർഗോഡ്: ഇടതുപാർട്ടികളെ ദുർബലപ്പെടുത്തുക എന്ന രാഷ്ട്രീയ താൽപര്യത്തോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുകൾ നടത്തുന്നതെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. പ്രതികൾ ആരാണെന്ന് നേരത്തെ നിശ്ചയിച്ച് തിരക്കഥ തയ്യാറാക്കിയ ശേഷമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിപുലീകൃത സംസ്ഥാന സമിതിയിൽ പാർട്ടി നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തതായി ഇ.പി. ജയരാജൻ പറഞ്ഞു.
ചർച്ചകളിൽ കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും പാർട്ടി അംഗങ്ങളെയും ബഹുജനങ്ങളെയും കൂടുതൽ സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം ഇന്നത്തെ നിലയിൽ നിലനിൽക്കില്ലെന്നും കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയ സിപിഐഎമ്മിനെ ശക്തിപ്പെടുത്താൻ ജനങ്ങളെ ആകെ അണിനിരത്തുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇഡി നടത്തുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും ഇത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഇതര പാർട്ടികളെ ഏതെങ്കിലും സംസ്ഥാനത്ത് ഇഡി വെറുതെ വിട്ടിട്ടുണ്ടോയെന്നും ജയരാജൻ ചോദിച്ചു. ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി ഇടതുപാർട്ടികളെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡി സൃഷ്ടിച്ച തെളിവുകൾക്ക് പുറമെ മറ്റെന്താണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളതെന്നും ഇ.പി. ജയരാജൻ ചോദിച്ചു. ചോദ്യം ചെയ്ത് എഴുതി വാങ്ങുന്നത് തെളിവാണോയെന്നും അദ്ദേഹം ചോദിച്ചു. കേസന്വേഷണത്തെ സിപിഐഎം എതിർത്തിട്ടില്ലെന്നും പാർട്ടിക്ക് അന്വേഷണത്തെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിനെ ആക്രമിച്ച് ദുർബലപ്പെടുത്തി ആർഎസ്എസിന് കേരളത്തിൽ കടന്നുകയറാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അവരുടെ രാഷ്ട്രീയ നയത്തിന് അനുസരിച്ചാണ് നീങ്ങുന്നതെന്നും ഇ.പി. ജയരാജൻ വിമർശിച്ചു.



