പെരുമ്പാവൂരിൽ കാട്ടാനയാക്രമണം; ഒച്ചവെച്ച് ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്

വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഒച്ചവെച്ച് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് നേരെ ആനയുടെ ക്രൂരമായ ആക്രമണം. വേങ്ങൂർ വീട്ടിമുളം സ്വദേശി തൊണ്ടിമാലിൽ ശിവനാണ് വ്യാഴാഴ്ച വൈകീട്ട് ആനയുടെ മുന്നിൽപ്പെട്ട് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുപിടിച്ചത്. ആക്രമണത്തിൽ ഇയാളുടെ കാൽമുട്ടിന് താഴെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വീടിന്റെ പരിസരത്ത് ആനയിറങ്ങിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞതനുസരിച്ചാണ് നോക്കാനായി ശിവൻ വീട്ടിൽനിന്നിറങ്ങിയത്. നാട്ടുകാരായ രണ്ടുപേരെയും കൂട്ടി ആനയെ ഒച്ചവെച്ച് തുരത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പാഞ്ഞടുത്ത ആന ശിവന്റെ കാലിൽ ആക്രമിച്ചു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related Articles

Back to top button