കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം…. പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ എഐസിസി പ്രഖ്യാപിച്ചു. ഇതോടെ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
കേരളത്തിലെ പൊതുവികാരവും ഭൂരിഭാഗം എംഎൽഎമാരുടെ അഭിപ്രായവും പരിഗണിച്ചാണ് രാഹുൽ ഗാന്ധി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. അവസാന നിമിഷം വരെ കെ.സി. വേണുഗോപാലിന്റെ പേര് സജീവമായിരുന്നെങ്കിലും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പിന്മാറാൻ തയ്യാറാവുകയായിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും നിലപാടുകൾ സതീശന് അനുകൂലമായത് തീരുമാനത്തിൽ നിർണ്ണായകമായി.
യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ ശക്തമായ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ വരണമെന്ന നിർദ്ദേശമാണ് സിപിഐഎമ്മിൽ ഉയരുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ സംസ്ഥാന സമിതിയിൽ ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിനാലാണ് ഇടതുപക്ഷം തങ്ങളുടെ നേതാവിനെ പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരുന്നത്.



