‘ചെയ്ത തെറ്റ് എന്താണ്?, തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ?’

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞാലല്ലേ തിരുത്താന്‍ സാധിക്കൂ എന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ചെയ്ത തെറ്റെന്തെന്ന് ഇതുവരെ സിപിഎം വ്യക്തമാക്കിയിട്ടില്ല. അത് പറയാതെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് പറഞ്ഞാലല്ലേ എനിക്ക് അതിനനുസരിച്ച് പ്രതികരിക്കാനാകൂ. ഇതുവരെ ചെയ്ത തെറ്റെന്താണെന്ന് സിപിഎം നേതൃത്വം പറഞ്ഞിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ?. വര്‍ഗ വഞ്ചകര്‍ എന്നത് ഓരോ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അച്ചടക്ക നടപടിക്ക് വിധേയരാകുന്നവരുടെ നേരെ പ്രയോഗിക്കുന്നത് എല്ലാക്കാലത്തും സിപിഎമ്മിന്റെ സമീപനമാണ്. വര്‍ഗ വഞ്ചകന്‍, കോടാലിക്കൈ, ഒറ്റുകാരന്‍ തുടങ്ങിയ പദാവലിയും അവരുടെ നിഘണ്ടുവിലുണ്ട്. അതെല്ലാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുകയാണ് ചെയ്യുന്നത്.

വിഴിഞ്ഞം അടക്കമുള്ളത് സമീപകാലത്തുണ്ടായ വിഷയങ്ങളാണ്. എനിക്കെതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിഴിഞ്ഞം തുറമുഖവും പിഎംശ്രീയും ഒന്നുമില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്താണ് തെറ്റ് എന്നു ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം. പുതിയ വിഷയങ്ങളാണെങ്കില്‍ അതില്‍ നിലപാട് വ്യക്തമാക്കുന്നതിനും ഒരു തടസ്സവുമില്ല. ആദ്യം ചെയ്ത തെറ്റിനെക്കുറിച്ചു പറയട്ടെ. എങ്കിലല്ലേ അതു തിരുത്താന്‍ കഴിയൂ. ബാക്കി കാര്യങ്ങളെല്ലാം പിന്നീടല്ലേയെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Back to top button