മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം.. സെപ്റ്റംബർ 2 മുതൽ ആഴ്ചയിൽ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ 2 ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം.
ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. ഇതിനായി വൈകിട്ട് 3 മുതൽ 5 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും. പുതിയ സംവിധാനത്തിലൂടെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം അർഹരായവർക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതികൾ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.



