യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന് പരാതി… SFI നേതാവിനെതിരെ…

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ SFI നേതാവ് കെ. നവനീതിനെതിരെ നടപടിയുമായി സിപിഎം. നവനീതിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. സംഭവത്തെ ഒറ്റപ്പെട്ട സംഭവമായി വിശേഷിപ്പിച്ച നേതാക്കൾ, ഇതിന്റെ പേരിൽ സിപിഎമ്മിനെ അപമാനിക്കാൻ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു. പൈസക്കരി ദേവമാതാ കോളേജിലെ യുയുസിയാണ് നവനീത്. ഓഗസ്റ്റ് 20ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവമെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ കണ്ടതോടെയാണ് യുവതി സംഭവം തിരിച്ചറിഞ്ഞത്. തുടർന്ന് ബഹളംവച്ചതോടെ ബന്ധുക്കൾ സ്ഥലത്തെത്തി നവനീതിനെ തടഞ്ഞുവെച്ചെന്നാണ് പരാതി. ഫോൺ പരിശോധിച്ചപ്പോൾ യുവതി കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ വീടിന് സമീപത്തുനിന്ന് പകർത്തിയതായി ആരോപിക്കുന്ന മറ്റ് ദൃശ്യങ്ങളും കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഈ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കംചെയ്തെന്നും പരാതിക്കാരി ആരോപിക്കുന്നു. തുടർന്നാണ് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയത്. അതേസമയം, പ്രതിയുടെ ഫോണിൽ നിന്ന് പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയിൽ പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.



