സ്കേറ്റിംഗിനിടെ അബാക്കസും റൂബിക്സ് ക്യൂബും… അപൂർവ നേട്ടവുമായി മലയാളി ബാലൻ

കൊച്ചി: ഒരേസമയം റോളർ സ്കേറ്റിംഗ് നടത്തുന്നതിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് 13കാരനായ സായൻ അപൂർവ നേട്ടം സ്വന്തമാക്കിയത്. റോളർ സ്കേറ്റിൽ സഞ്ചരിക്കുന്നതിനിടെ 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയും ചെയ്തു.

വെറും 36.38 സെക്കൻഡിലാണ് മൂന്ന് ദൗത്യങ്ങളും ഒരേസമയം സായൻ പൂർത്തിയാക്കിയത്. ഈ പ്രകടനത്തിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. എറണാകുളം തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കൊവിഡ് കാലത്താണ് വിവിധ മേഖലകളിലെ പരിശീലനം ആരംഭിച്ചത്. ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിംഗിലും യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബിലും ബ്രെയിനോ ബ്രെയിൻ അബാക്കസിലും പരിശീലനം നേടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ നേരത്തെ സ്വന്തമാക്കിയ നേട്ടങ്ങൾക്ക് പിന്നാലെയാണ് സായനെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരവും എത്തിയത്. സ്കേറ്റിംഗ് വേഗവും ഗണിതശേഷിയും അതിവേഗ ചിന്താശേഷിയും ഒരുമിച്ചുചേർത്ത പ്രകടനത്തിലൂടെയാണ് സായൻ ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്.

Related Articles

Back to top button