മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി… വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം…

ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് തന്നെ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

വയനാട് മുട്ടിൽ ഭാഗത്തുനിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ വനവകുപ്പിന്റെ പാസ് ഉണ്ടെന്ന് വ്യാജമായി കാണിച്ച് എറണാകുളത്തെ വ്യവസായിക്ക് മറിച്ചുവിറ്റുവെന്നാണ് കേസ്. കേസ് താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഉന്നയിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതേത്തുടർന്ന് ചോറ്റാനിക്കര കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തള്ളിയത്. അഗസ്റ്റിൻ സഹോദരങ്ങളിൽ ആരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. എന്നാൽ സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന ദിവസം കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി. മറ്റ് രണ്ട് സഹോദരന്മാർക്ക് ഓൺലൈൻ മുഖേന ഹാജരാകാൻ കോടതി അനുമതി നൽകി.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ മരംമുറി കേസുമായി ബന്ധപ്പെട്ട നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെയും ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ കോടതികൾ നിരാകരിക്കുകയായിരുന്നു. എറണാകുളത്തെ വ്യവസായിക്ക് വ്യാജ വനവകുപ്പ് പാസ് കാണിച്ച് മരം വിറ്റുവെന്ന കേസിൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് ചോറ്റാനിക്കര കോടതിയുടെ തീരുമാനം.

Related Articles

Back to top button