20 മണിക്കൂർ സാമൂഹ്യ സേവനം; വിദ്യാർത്ഥികൾക്കെതിരെ വ്യത്യസ്ത അച്ചടക്ക നടപടിയുമായി സർക്കാർ കോളേജ്

കോളേജ് തെരഞ്ഞെടുപ്പിനിടെ സംഘർഷ സമാന സാഹചര്യം ഉണ്ടാക്കിയ വിദ്യാർത്ഥികൾക്കെതിരെ വ്യത്യസ്ത അച്ചടക്ക നടപടിയുമായി നാദാപുരം ഗവൺമെന്റ് കോളേജ്. താലൂക്ക് ആശുപത്രിയിൽ 20 മണിക്കൂർ നിർബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്നാണ് അഞ്ച് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി. നവംബർ നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത്. സാമൂഹ്യ സേവനം നടത്തിയത് തെളിയിക്കുന്ന സാക്ഷ്യപത്രവും നവംബർ 16ന് മുമ്പ് കോളേജിൽ ഹാജരാക്കണം. കൂടാതെ കോളേജിലെ ജീവനി കൗൺസിലർക്ക് മുമ്പാകെ കൗൺസിലിങിന് വിധേയമാകണമെന്നും ഉത്തരവിലുണ്ട്.

ഈ നടപടികൾ നവംബർ 16ന് മുമ്പ് പൂർത്തിയാക്കണമെന്നും രക്ഷിതാവിനൊപ്പം പ്രൻസിപ്പൽ മുമ്പാകെ മാപ്പപേക്ഷ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ അച്ചടക്ക നടപടി വിശദീകരിച്ചുകൊണ്ട് പ്രിൻസിപ്പാൾ ലിയാഖത്ത് അലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്താൽ അത് രാഷ്ട്രീയ പാർട്ടികൾക്ക് മുതലെടുപ്പിനുള്ള അവസരമാകുമെന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്. വിദ്യാർത്ഥികൾക്കെതിരെ കേസ് കൊടുത്താലും അധ്യാപകർ ഭാവി നശിപ്പിക്കുന്നു എന്ന വാദം ഉണ്ടാകുമെന്നും അതും മുതലെടുപ്പിന് വഴി വെക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഫൈൻ ആണ് അച്ചടക്ക നടപടി ആയി സ്വീകരിക്കുന്നതെങ്കിൽ പണം ഉള്ളവന് എന്തും ആകാം എന്ന സന്ദേശമാകും നൽകുന്നത്. വിദ്യാർഥികളെ നിയമലംഘനത്തിൽ നിന്നും അക്രമത്തിൽ നിന്നും തടയാൻ ഇത്തരം നടപടികൾ കാര്യമായി സഹായിക്കുന്നില്ല. അതിനാലാണ് ഇത്തരത്തിൽ ഒരു ആശയത്തിലേക്ക് എത്താൻ കാരണമെന്നാണ് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button