മാസപ്പടി കേസ്; പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്…

തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹസൻ വാരിസ് ഉൾപ്പെടെയുള്ളവർക്കാണ് എസ്‌ഐടി നോട്ടീസ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷമാകും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യുക.

രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഉടൻ ഇ.ഡിക്ക് മൊഴി നൽകിയവരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹസൻ വാരിസ്, നിഖിൽ തുടങ്ങിയ റിയാസിന്റെ സുഹൃത്തുക്കളെ ആദ്യം ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തും. ഇ.ഡിയുടെ കത്തിൽ പറയുന്ന മുഴുവൻ കാര്യങ്ങളും പ്രാഥമിക അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നുണ്ട്. മാസപ്പടിയായി 3.28 കോടി രൂപ പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും, മുഹമ്മദ് റിയാസ് ഹവാല ഇടപാട് നടത്തിയെന്നുമാണ് ആരോപണം. ഹവാല ഇടപാടടക്കം പ്രത്യേക സംഘം വിശദമായി അന്വേഷിക്കും.

സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാസപ്പടി കേസിൽ ഇവർ ഉൾപ്പെട്ട എല്ലാ ആരോപണങ്ങളും മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായകമായ ചോദ്യം ചെയ്യലുകളും തുടർനടപടികളും ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button