ആലപ്പുഴയ്ക്ക് സ്പെഷൽ ട്രെയിനുകളിലും ഇടമില്ല… പൂജ, ദീപാവലി സർവീസുകളെല്ലാം….

ആലപ്പുഴ: ഓണക്കാലത്തിന് പിന്നാലെ പൂജ, ദീപാവലി അവധിക്കാലത്തും സ്പെഷൽ ട്രെയിനുകളിൽ ആലപ്പുഴയ്ക്ക് അവഗണന. നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്കായി റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളിലൊന്നുപോലും ആലപ്പുഴ വഴിയില്ല. എല്ലാ സർവീസുകളും കോട്ടയം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം വഴിയുള്ള സ്പെഷൽ ട്രെയിനുകളിൽ ചിലതിന് മാത്രമാണ് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ളത്.
തിരുവനന്തപുരം നോർത്ത്–സാന്ദ്രഗച്ചി എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം സെൻട്രൽ–മദാർ ജങ്ഷൻ എക്സ്പ്രസ് സ്പെഷൽ, ചെന്നൈ എഗ്മോർ–കൊല്ലം വീക്ക്ലി എക്സ്പ്രസ് സ്പെഷൽ തുടങ്ങിയ സർവീസുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. ഓണക്കാലത്ത് റെയിൽവേ 148 സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നെങ്കിലും ആലപ്പുഴ വഴിയൊരൊറ്റ സ്പെഷൽ ട്രെയിൻ പോലും സർവീസ് നടത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും റെയിൽവേ നടപടി സ്വീകരിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. പൂജ, ദീപാവലി അവധികളിലും സ്ഥിതി തുടരുന്നതോടെ പ്രതിഷേധം ശക്തമാകുകയാണ്.ഇരുപതിലേറെ സർവീസുകളാണ് വിവിധ റൂട്ടുകളിലായി ഈ അവധിക്കാലത്ത് സ്പെഷലായി നടത്തുന്നത്. ഇവയ്ക്കുള്ള റിസർവേഷൻ ദക്ഷിണ റെയിൽവേ ആരംഭിക്കുകയും ചെയ്തു.
സിംഗിൾ ലൈൻ പാതയായതിനാലാണ് ആലപ്പുഴ വഴിയുള്ള സ്പെഷൽ സർവീസുകൾ ഒഴിവാക്കുന്നതെന്നാണ് റെയിൽവേയുടെ നിലപാടെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ സിംഗിൾ ലൈൻ പാതയെന്ന കാരണം അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ വാദം. മറ്റ് നിരവധി സിംഗിൾ ലൈൻ പാതകളിലൂടെയും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കാര്യക്ഷമമായി സമയക്രമീകരണം നടത്തിയാൽ ആലപ്പുഴ വഴിയും പ്രത്യേക ട്രെയിനുകൾ ഓടിക്കാനാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ആലപ്പുഴ വഴി സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. നിലവിൽ അവധിക്കാലത്ത് ആലപ്പുഴ വഴിയുള്ള സ്ഥിരം ട്രെയിനുകളിലെ സീറ്റുകൾക്ക് തന്നെ വലിയ തിരക്കാണ്. പല സർവീസുകളിലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇനി പ്രഖ്യാപിക്കുന്ന സ്പെഷൽ ട്രെയിനുകളിലെങ്കിലും ആലപ്പുഴയെ പരിഗണിക്കണമെന്നും വിഷയത്തിൽ ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെടണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.



