ആരോഗ്യവകുപ്പിൽ വീണ്ടും സ്വജനപക്ഷപാത വിവാദം… പിരിച്ചുവിട്ട ഡോക്ടർക്ക്…

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ച് വിവാദ നിയമനം. സർവീസിൽ നിന്ന് പിരിച്ചുവിട്ട ആരോഗ്യവകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്യാരി ടി.ടിക്ക് സ്വന്തം നാട്ടിൽ പുനർനിയമനം നൽകിയെന്ന ഗുരുതര പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലേക്കാണ് ഈ അനധികൃത പുനർനിയമനം നടന്നിരിക്കുന്നത്. തമിഴ്‌നാട് വിളവങ്കോട് കോൺഗ്രസ് എം.എൽ.എയായ ടി.ടി. പ്രവീണിന്റെ സഹോദരിയാണ് ഡോ. പ്യാരി ടി.ടി. സ്വാധീനം ഉപയോഗിച്ചാണ് നിയമനം നേടിയതെന്നാണ് പ്രധാന ആരോപണം.
ആരോഗ്യവകുപ്പിൽ നിന്ന് പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയെ തിരിച്ചെടുക്കുമ്പോൾ പാലിക്കേണ്ട ബോണ്ട് വ്യവസ്ഥകളും മറ്റ് മാനദണ്ഡങ്ങളും ഇവിടെ കാറ്റിൽപ്പറത്തി. അനുമതിയില്ലാതെ ദീർഘകാലം വിദേശത്ത് ജോലിക്ക് ഹാജരാകാതിരുന്നതിനെത്തുടർന്നാണ് ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. 2022-23 വർഷത്തിൽ വീണാ ജോർജ് ആരോഗ്യ മന്ത്രിയായിരിക്കെയാണ് ഡ്യൂട്ടിക്ക് ഹാജരാകാത്ത 135 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാണ് ഡോ. പ്യാരി ടി.ടി. പിരിച്ചുവിടപ്പെട്ട ഒരു ഉദ്യോഗസ്ഥയെ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വീണ്ടും ജനറൽ ആശുപത്രിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് ആരോഗ്യവകുപ്പിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.




