മദ്യപിച്ച് വാഹനമോടിച്ച സംഭവം… പരസ്യമായി മാപ്പ് പറഞ്ഞ് യൂട്യൂബർ….

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ വിശദീകരണവുമായി പ്രശസ്ത യൂട്യൂബർ അശ്വന്ത് കോക്ക് രംഗത്ത്. കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലുമിടിച്ച് അപകടമുണ്ടായ സംഭവത്തിൽ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

‘ജയിലർ 2’ ട്രെയിലർ റെസ്പോൺസ് വീഡിയോയിലൂടെയാണ് അശ്വന്ത് ഈ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചത്. താൻ ചെയ്തത് തെറ്റാണെന്ന് പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും, ഇനിയൊരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ചെയ്തത് തെറ്റാണെന്നും അത് അംഗീകരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, എഴുതുമ്പോൾ തെറ്റുപറ്റുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പെൻസിലിന്റെ പിറകിൽ ഇറേസർ വെച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം ഇതാണെന്നും, പണ്ട് പബ്ലിക് സ്മോക്കിംഗ് ശീലമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയൊരിക്കലും തന്നെ മദ്യപിച്ച് വാഹനമോടിക്കുന്ന അവസ്ഥയിൽ കാണാൻ സാധിക്കില്ലെന്നും, കേരള പോലീസിന് അതിനുള്ള അവസരം ഇനി നൽകില്ലെന്നും അശ്വന്ത് ഉറപ്പിച്ചു പറഞ്ഞു. ഇത് തന്നോടുള്ള തന്റെ സ്വന്തം വാഗ്ദാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചെന്ന പരാതിയിൽ പോലീസ് നടപടിക്ക് വിധേയനായതിന് പിന്നാലെയാണ് അശ്വന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.

Related Articles

Back to top button