മാസപ്പടി കേസ്…. വീണ വിജയനെതിരെയുള്ള SFIO രേഖകൾ ഇഡിക്ക് നൽകരുത്…. കോടതിയിൽ എതിർപ്പുമായി CMRL

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ ഇ ഡി നീക്കങ്ങൾക്ക് തടയിടാൻ ശ്രമവുമായി സിഎംആർഎൽ. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ഇഡിക്ക് വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയെ സമീപിച്ചു. ഇഡിയുടെ അപേക്ഷയെ എതിർത്തുകൊണ്ടുള്ള സിഎംആർഎല്ലിന്റെ ഈ ഹർജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30-ന് വാദം കേൾക്കും.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ്എഫ്ഐഒ കണ്ടെത്തിയ നിർണായക തെളിവുകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. ഈ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇഡിക്ക് നൽകുന്ന കാര്യത്തിൽ എസ്എഫ്ഐഒയുടെ നിലപാട് എന്താണെന്ന് പിഎംഎൽഎ കോടതി നേരത്തെ ആരാഞ്ഞിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 പ്രധാന രേഖകൾ വിട്ടുനുകണമെന്നാണ് ഇഡിയുടെ ആവശ്യം. ഇതിൽ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പുകളും, ഇവർ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകളും ഉൾപ്പെടുന്നു.

വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായി പരമാവധി ഡിജിറ്റൽ-സാമ്പത്തിക തെളിവുകൾ കൈവശം ഉറപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഇഡിയുടെ ഈ അടിയന്തര നീക്കം. എന്നാൽ രേഖകൾ ഇഡിക്ക് കൈമാറുന്നത് തടയാൻ സിഎംആർഎൽ കൂടി രംഗത്തെത്തിയതോടെ ഇന്നത്തെ കോടതി വാദം കേൾക്കൽ കേസിൽ ഏറെ നിർണായകമാകും.

Related Articles

Back to top button