അധ്യാപികമാരുടെ ലഹരിക്കേസ്…  മറ്റൊരു യുവതിയും നിരീക്ഷണത്തില്‍…. മുഖ്യകണ്ണി….

കൽപ്പറ്റ: വടകര എംഡിഎംഎ കേസിൽ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഏകദേശം 1 കോടിയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു യുവതിയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഇവർ നിലവിൽ ബംഗളൂരുവിലാണെന്നാണ് വിവരം. അതേസമയം, കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യയെയും കീർത്തനയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. ഇതിനായി സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരെയും വിശദമായി ചോദ്യം ചെയ്താൽ കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അധ്യാപിക നീഷ്മയെയും ഓൺലൈൻ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസങ്ങളിൽ അപേക്ഷ സമർപ്പിക്കും. വടകര എൻ.ഡി.പി.എസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. അതേസമയം, കാവ്യയുടെ വിദേശയാത്രയിലും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബി.ആർ.സി ജീവനക്കാരിയായിരിക്കെ അനുമതിയില്ലാതെയാണ് കാവ്യ വിദേശയാത്ര നടത്തിയതെന്നാണ് ആരോപണം. കാവ്യയ്ക്ക് അനധികൃതമായി അവധി അനുവദിച്ചതായും പേരാമ്പ്രയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആരോപണം ഉയർന്നു.

Related Articles

Back to top button