മുള്ളൻപന്നി കുറുകെ ചാടി, ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു…. ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡിന് കുറുകെ മുള്ളൻപന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരണപ്പെട്ടത്. കോഴിക്കോട് തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഈ ദാരുണ സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ട് മക്കളും ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഓട്ടോ തൂണേരി ഭാഗത്ത് എത്തിയപ്പോൾ പെട്ടെന്ന് ഒരു മുള്ളൻപന്നി റോഡ് മുറിച്ചുകടക്കുകയായിരുന്നു.

മുള്ളൻപന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ രജിലേഷ് പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി ഓട്ടോ റോഡിലേക്ക് മറിഞ്ഞത്. ഓട്ടോ മറിഞ്ഞ നിമിഷം തന്നെ റോഡിൽ തലയിടിച്ച് രജിലേഷ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിലേഷിനെ ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button