ആലപ്പുഴയിൽ വൈകല്യമുള്ള ഇരട്ടക്കുട്ടികളുടെ ചിത്രം ഉപയോഗിച്ച്….

ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്‌ല്യാർക്കെതിരെ പരാതി. വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാബു–നിസ ദമ്പതിമാരുടെ 28 വയസ്സുള്ള ഇരട്ടക്കുട്ടികളായ തൻസീറിന്റെയും അസീലായുടെയും ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച വടുതലയിലുള്ള മുസ്‌ല്യാറാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഇവരുടെ വീട്ടിലെത്തിയത്. അന്ന് വീട്ടിലുണ്ടായിരുന്നത് കുട്ടികളുടെ മാതാവ് നിസയായിരുന്നു. പരിചയപ്പെട്ടതിന് ശേഷം വീട്ടിൽ പ്രത്യേക പ്രാർഥന നടത്തിയ ഇയാൾ, ഭാര്യയെ കാണിക്കാനാണെന്ന് പറഞ്ഞ് കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നു. ഈ ചിത്രം ഉപയോഗിച്ച് കുട്ടികൾ സ്വന്തം മക്കളാണെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയെന്നാണ് പരാതി. എസ്.എൻ. കവലയിൽ ബാബുവിന്റെ ബന്ധുവീട്ടിൽ ഇതേ ചിത്രവുമായി പിരിവിനെത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഇയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. ഇതോടെയാണ് തട്ടിപ്പിന് ശ്രമം പുറത്തറിയുന്നത്. സംഭവത്തിൽ കുട്ടികളുടെ പിതാവായ ബാബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതിയിൽ തുടർനടപടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



