പിണറായിക്കെതിരെ കേസെടുക്കുമോ? മാസപ്പടി കേസിൽ നിർണായക തീരുമാനം ഇന്ന്

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനം എടുത്തേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. കേസിൽ തുടർനടപടികൾ എങ്ങനെ വേണമെന്നതിലും ഇന്ന് വ്യക്തത വരും.
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശത്തിലെ പ്രധാന നിർദേശം. എജിയുടെ നിയമോപദേശം ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ഇഡിയുടെ കത്തും നിയമോപദേശവും പരിഗണിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യത്തിലായിരിക്കും ഇന്നത്തെ ചർച്ചയിൽ പ്രധാനമായും തീരുമാനം ഉണ്ടാകുക.



