ശബരിമലയിൽ വൻ പ്രതിസന്ധി മുന്നിൽ? ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നീക്കം

ശബരിമല തീർഥാടന ഒരുക്കങ്ങളിൽ വീഴ്ചയുണ്ടാകുമോ? തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സംസ്ഥാന സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു. കന്നിമാസപൂജയ്ക്കിടെ രൂക്ഷമായ അരവണ പ്രതിസന്ധിക്ക് പിന്നാലെയാണ് മണ്ഡലകാല നടത്തിപ്പിനെക്കുറിച്ച് സർക്കാർ ആശങ്ക ശക്തമാക്കിയത്. മണ്ഡലകാലം ആരംഭിക്കാൻ ഇനി 55 ദിവസം മാത്രം ശേഷിക്കെ, തീർഥാടന നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.
പ്രത്യേക ടീമിന് തീർഥാടനത്തിന്റെ നേരിട്ടുള്ള നടത്തിപ്പ് ചുമതലയാണോ മേൽനോട്ടമാണോ നൽകേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ സൂചന നൽകി.
കന്നിമാസപൂജയ്ക്കായി ശബരിമലയിലെത്തിയ തീർഥാടകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. മണ്ഡലകാലത്ത് തീർഥാടകരുടെ എണ്ണം വൻതോതിൽ ഉയരുമ്പോൾ സമാനമായ പ്രതിസന്ധി ആവർത്തിക്കുമോ എന്ന ആശങ്കയാണ് സർക്കാരിനുള്ളത്.
അരവണ പ്രതിസന്ധിയുടെ പേരിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പ്രസ്താവനകൾ ഇറക്കിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന് ഉത്തരവാദിത്വം നിർവഹിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ടീമിനെ നിയോഗിച്ച് തീർഥാടനം നടത്തണമെന്ന നിർദേശം ഹൈക്കോടതിയുടെ അനുമതിയോടെ നടപ്പാക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



