പല നിറത്തിലുള്ള അടപ്പുകളുള്ള ചെറിയ കുപ്പികൾ 179 എണ്ണം, എല്ലാത്തിലും ഉണ്ടായിരുന്നത് രണ്ട്..

കൊച്ചി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായി കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. മുറിയിലെ അലമാരയ്ക്കുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.

നാല് ഗ്രാം എംഡിഎംഎ, അര കിലോ ഹാഷിഷ് ഓയിൽ നിറച്ച ഒരു വലിയ കുപ്പി, 2 ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പികളിലാക്കിയ ഹാഷിഷ് ഓയിലുമാണ് പിടിച്ചത്. ആന്ധ്രാപ്രദേശിൽ നേരിട്ട് പോയി വാങ്ങിയതാണ് ഈ മയക്കുമരുന്നുകളെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊച്ചി സിറ്റി കേന്ദ്രീകരിച്ചും തീരദേശ മേഖലകളിലുമായിരുന്നു ഇയാൾ പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ. സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ.എസ്. അരുൺ, സച്ചിൻ എസ്. കാർമൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വപ്ന, സീനിയർ സിപിഒ എം.കെ. അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button