സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി…. ആലപ്പുഴ വണ്ടാനത്ത് ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: വണ്ടാനത്തിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പ് സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര സ്വദേശി അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

കായംകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ അച്ചുവിനെ കൂട്ടാൻ അഖിൽ ബൈക്കിൽ എത്തുകയായിരുന്നു. അവിടെ നിന്നും ഇരുവരും ചേർത്തലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അച്ചുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. അച്ചു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച അച്ചു എസ്. ദാസ്. ഐടിഐ പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഖിൽ കൃഷ്ണ. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവറെയും വാഹനത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Related Articles

Back to top button