സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷകൾ മുടങ്ങി… ‘സാരഥി’ വെബ്സൈറ്റിൽ വൻ സാങ്കേതിക തകരാർ, ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലേണേഴ്സ് ഡ്രൈവിങ് പരീക്ഷാ നടത്തിപ്പ് പൂർണ്ണമായും അവതാളത്തിൽ. സാങ്കേതിക തകരാറുകൾ മൂലം കഴിഞ്ഞ രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങിയിരിക്കുകയാണ്. ഇതോടെ പരീക്ഷ എഴുതാൻ കാത്തിരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ വലിയ ആശങ്കയിലായിരിക്കുകയാണ്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ‘സാരഥി’ വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് നിലവിൽ ലേണേഴ്സ് പരീക്ഷകൾ നടത്തുന്നത്. എന്നാൽ ഈ വെബ്സൈറ്റിലുണ്ടായ വൻ സാങ്കേതിക തകരാറാണ് പരീക്ഷകൾ പൂർണ്ണമായി മുടങ്ങാൻ കാരണമായത്. സാരഥി വെബ്സൈറ്റ് ഓപ്പൺ ആകുന്നുണ്ടെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘എറർ’ (Error) എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുകയാണെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
വെബ്സൈറ്റിലെ നെറ്റ്വർക്ക് തകരാറാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഏജൻസികളുമായി ചേർന്ന് അടിയന്തര ശ്രമങ്ങൾ നടത്തിവരികയാണെന്നും ലേണേഴ്സ് പരീക്ഷ തടസ്സം കൂടാതെ നടത്താനുള്ള സാങ്കേതിക തകരാറുകൾ ഉടൻ തന്നെ പരിഹരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.



