അവഗണന ഇനി സഹിക്കില്ല… ഹൈക്കമാൻഡിന് മുന്നിൽ പരാതിയുമായി എ ഗ്രൂപ്പ്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ അതൃപ്തി ഹൈക്കമാൻഡിന് മുന്നിലെത്തിച്ച് എ ഗ്രൂപ്പ്. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് എന്ന നിലയിൽ എ ഗ്രൂപ്പ് സംഘടിതമായി ഹൈക്കമാൻഡിനെ സമീപിച്ചത്.
ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് നേതൃത്വത്തിന് മുന്നിൽ അതൃപ്തി അറിയിച്ചത്. ഗ്രൂപ്പ് എന്ന നിലയിൽ ഹൈക്കമാൻഡിന് നൽകുന്ന ആദ്യ പരാതിയാണിത്. പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. പല നിർണായക തീരുമാനങ്ങളും കെ.പി.സി.സി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പി.എസ്.സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തനം സജീവമല്ലെന്നും സംഘടന നിശ്ചലാവസ്ഥയിലാണെന്നും പരാതിയിൽ വ്യക്തമാക്കിയെന്നാണ് വിവരം.
അതേസമയം, നീക്കം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും അട്ടിമറിക്കുള്ള ശ്രമമല്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. തങ്ങളെ അവഗണിക്കുന്ന രീതിക്കെതിരെയാണ് പരാതി. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ഇതുവരെ പല അവഗണനകളും സഹിച്ചു. എന്നാൽ ഇനി മിണ്ടാതിരിക്കാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ബെന്നി ബെഹനാൻ തയ്യാറായില്ല. എ ഗ്രൂപ്പിന്റെ പരാതിയിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമാകും.




