ഗിയറിൽ കൈതട്ടി ട്രാക്ടർ മുന്നോട്ട് കുതിച്ചു… വാഹനത്തിനടിയിൽപ്പെട്ട യുവാവിന്…

റിയാദ്: ട്രാക്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നാലുമാസത്തോളം ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ (27) ആണ് അൽഖർജിൽ മരിച്ചത്. നാലുമാസം നീണ്ട ചികിത്സയ്ക്കൊടുവിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിയിടത്തിൽ ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ അവധിക്ക് പോയതിനെത്തുടർന്നാണ് ധർമ്മദുരൈ വാഹനം ഓടിക്കാൻ ശ്രമിച്ചത്. ട്രാക്ടറിൽ കയറാതെ പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടുകയായിരുന്നു.
ഇതോടെ ട്രാക്ടർ പെട്ടെന്ന് മുന്നോട്ട് കുതിച്ചു. സമീപത്തുണ്ടായിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് ധർമ്മദുരൈ പ്രവാസജീവിതത്തിനായി സൗദി അറേബ്യയിലെത്തിയത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് യുവാവിന്റെ അപ്രതീക്ഷിത വിയോഗം. ധർമ്മദുരൈയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്.




