കൺസ്യൂമർഫെഡിൽ ഇരട്ട ജോലി ചെയ്യുന്നവർ 40ഓളം പേർ… ഫ്രെഡിയുടെ നിയമനത്തെ…

തിരുവനന്തപുരം: കൺസ്യൂമർഫെഡിൽ ഇരട്ട ജോലി ചെയ്യുന്നത് നാൽപ്പതോളം പേരെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഡിസിസി അംഗം ജെ. ഫ്രെഡിയുടെ ഇരട്ട ജോലി വിവാദമായതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. എൽഡിഎഫ് നേതാവും മുൻ പി.ആർ.ഒയുമായിരുന്ന യു. അനിൽകുമാറിനും അമ്പൂരി ഔട്ട്ലെറ്റിൽ അധിക ചുമതല നൽകിയതിന്റെ ഉത്തരവ് പുറത്തുവന്നു. ഇരട്ട ജോലി നിയമവിരുദ്ധമല്ലെന്നാണ് കൺസ്യൂമർഫെഡിന്റെ വിശദീകരണം.

എൽഡിഎഫ് ഭരണസമിതിയുടെ കാലത്തും നിരവധി പേർക്ക് ഇത്തരത്തിൽ അധിക ചുമതല നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇരട്ട ജോലി ചെയ്യുന്നവർക്ക് അധിക ശമ്പളമല്ല, ജോലി ചെയ്യുന്ന സമയത്തേക്കുള്ള ഷോപ്പ് അലവൻസാണ് നൽകുന്നതെന്നും കൺസ്യൂമർഫെഡ് വിശദീകരിക്കുന്നു. അതേസമയം, ഫ്രെഡിയുടെ നിയമനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി അംഗവും ഐഎൻടിയുസി കൺസ്യൂമർഫെഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ഫ്രെഡി നിലവിൽ കൺസ്യൂമർഫെഡിൽ റീജ്യണൽ അസിസ്റ്റന്റ് മാനേജരാണ്. ഇതിന് പുറമെയാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വിദേശമദ്യശാലയിൽ വൈകിട്ട് അഞ്ചുമുതൽ രാത്രി ഒൻപതുവരെ ജോലി ചെയ്യാനുള്ള അധിക ചുമതല ലഭിച്ചത്. വിദേശമദ്യശാലയിലെ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഒക്ടോബർ 27ന് ഷോപ്പ് ഇൻചാർജ് എംഡിക്ക് കത്ത് നൽകിയിരുന്നു.

കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ ഒക്ടോബർ 29ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമുള്ള ജോലിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ച് ഫ്രെഡിയും എംഡിക്ക് കത്ത് നൽകി. തുടർന്ന് നവംബർ ആറിനാണ് ഫ്രെഡിക്ക് അധിക ചുമതല നൽകി ഉത്തരവിറക്കിയത്. നാല് മണിക്കൂർ ജോലിക്ക് ദിവസവും 425 രൂപയാണ് അലവൻസായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പ്രധാന ചുമതലയിൽ തുടരുന്ന ഒരാൾക്ക് മദ്യവിൽപ്പനശാലയിൽ കൂടി ജോലി അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. വിവാദം ശക്തമായതോടെ ഉത്തരവ് പിൻവലിച്ചേക്കുമെന്നാണ് സൂചന.

Back to top button