ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക പൂട്ട്…. ജൂൺ 22 വരെ കർശന നിയന്ത്രണം…. ഉത്തരവിട്ട് കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: വരാനിരിക്കുന്ന നീറ്റ് പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന വലിയ രീതിയിലുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഈ കർശന നടപടി സ്വീകരിച്ചത്. കേന്ദ്ര സർക്കാർ തീരുമാനത്തെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സ്വാഗതം ചെയ്തു.
നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നേരത്തെ തന്നെ എൻടിഎ പരാതി നൽകിയിരുന്നു. ‘PAPER LEAKED NEET’, ‘Re-NEET 2026’, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ വഴി പണം വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും വ്യാപകമായി കബളിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
ഇത്തരം വ്യാജ ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് എൻടിഎ വിലയിരുത്തിയത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ഇടപെടലുകളും തട്ടിപ്പ് തടയുന്നതിൽ ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് പ്ലാറ്റ്‌ഫോമിന്റെ ആക്സസുകൾക്ക് തന്നെ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചത്.



