ഇ പി ജയരാജന് വൻ തിരിച്ചടി…. വിമാനത്തിലെ യൂത്ത് കോൺഗ്രസ് മർദ്ദനക്കേസ് എഴുതിത്തള്ളാനാവില്ലെന്ന് കോടതി…. വീണ്ടും അന്വേഷണം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ സിപിഐഎം നേതാവ് ഇ പി ജയരാജന് കനത്ത തിരിച്ചടി. കേസ് ഒഴിവാക്കി പൊലീസ് നൽകിയ അന്തിമ റിപ്പോർട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അത്രപെട്ടെന്ന് എഴുതി തള്ളാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് നൽകാൻ പൊലീസിന് ഉത്തരവിട്ടു.

2022 ജൂൺ 13-നാണ് കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റുയർത്തിയ ഈ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സ്വർണ്ണക്കടത്ത് വിവാദം കത്തുന്ന സമയത്ത്, കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വരികയായിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒപ്പമുണ്ടായിരുന്ന ഇ പി ജയരാജൻ ബലം പ്രയോഗിച്ച് തള്ളിയിടുകയായിരുന്നു.

സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര അന്വേഷണം നടത്തുകയും നിയമലംഘനം ചൂണ്ടിക്കാട്ടി ഇ പി ജയരാജന് മൂന്ന് ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങളിലെ യാത്ര ഇ പി പൂർണ്ണമായി ബഹിഷ്കരിച്ചു. പിന്നീട് പലതവണ ഇൻഡിഗോ അധികൃതർ ഇ പിയെ സമീപിച്ച് തീരുമാനം മാറ്റാൻ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ, വർഷങ്ങൾക്ക് ശേഷം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലേക്ക് പോകാൻ ഇ പി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ കയറിയതോടെയാണ് ഈ വിമാന ബഹിഷ്കരണം അവസാനിച്ചത്.

Related Articles

Back to top button