പകർച്ചവ്യാധികൾക്കെതിരെ ‘ഹൈ പവർ’ പൂട്ട്…. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി… പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉന്നതതല സമിതി (ഹൈ പവർ കമ്മിറ്റി) രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. എസ് എസ് ലാൽ ചെയർമാനായും, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് കോർഡിനേറ്ററായും, ഡോ. ശ്രീജിത്ത് എൻ കുമാർ കൺവീനറായും ചുമതലയേൽക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരും ആയുഷ്, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും സമിതിയുടെ ഭാഗമാകും. ആരോഗ്യ പരിപാലനത്തിന് എല്ലാ മേഖലകളുടെയും സഹായം ആവശ്യമാണെന്നും ഇതിനെ സ്വകാര്യവൽക്കരണമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഈ മാസം മാത്രം കേരളത്തിൽ 70 ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആകെ കേസുകളുടെ എണ്ണം 146 ആയി. ഷിഗല്ല ബാധിച്ച് മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലായി അഞ്ചുപേർ മരണപ്പെട്ടു. പത്തനംതിട്ടയൊഴികെ മറ്റെല്ലാ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിപ പ്രതിരോധത്തിനായുള്ള എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്നും ഇതുവരെ നടത്തിയ 38 പരിശോധനകളും നെഗറ്റീവാണെന്നും മന്ത്രി ആശ്വാസം പങ്കുവെച്ചു. ഓരോ സീസണിലും വരാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പ്രത്യേക കലണ്ടർ തയ്യാറാക്കും. ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം ഉറപ്പാക്കും. ജില്ലാതലത്തിൽ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റും ആക്ഷൻ കമ്മിറ്റിയും രൂപീകരിക്കും. പഞ്ചായത്ത് തലം മുതൽ ആർആർടി ടീമിന്റെ സേവനം ലഭ്യമാക്കും. ആരോഗ്യ മേഖലയിലെ വികസനത്തിനായി സിഎസ്ആർ ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. പ്ലീഡറുടെ യോഗ്യത നോക്കിയാണ് നിയമനം നടത്തിയതെന്നും വക്കീലന്മാർ കക്ഷി ആരെന്നു നോക്കിയല്ല, കേസിന്റെ മെരിറ്റ് നോക്കിയാണ് വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കേസ് നടത്തിയവർ വി ഡി സതീശന് വേണ്ടി വന്നാലും അവർ ജോലി കൃത്യമായി ചെയ്യുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ സിപിഐഎം സ്വീകരിച്ച അച്ചടക്ക നടപടിയെ മന്ത്രി പരിഹസിച്ചു. പല സത്യങ്ങളും പുറത്തുപറയുമെന്ന ഭയത്താലാണ് പത്മകുമാറിനെ പുറത്താക്കാതെ വെറുമൊരു സസ്പെൻഷനിൽ ഒതുക്കിയതെന്നും, സിപിഐഎം അദ്ദേഹത്തെ മയത്തിലൊന്ന് തലോടി വിടുകയായിരുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.



