ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ അസാധാരണ നിറവ്യത്യാസം… ഉന്നതതല പരിശോധന… എസ്ഐടിയും സന്നിധാനത്ത്

ശബരിമല സന്നിധാനത്ത് അതീവ ഗൗരവകരമായ സാഹചര്യങ്ങൾ നിലനിൽക്കെ, സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകൾഭാഗത്ത് അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന് മുകളിൽ എന്തെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചതാണോ എന്ന സംശയത്തെ തുടർന്ന് തിരുവാഭരണ കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്ത് നേരിട്ടെത്തി അടിയന്തര പരിശോധനകൾ നടത്തി.

ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണ് ഒലിച്ചിറങ്ങിയതാകാം ഈ നിറവ്യത്യാസത്തിന് കാരണതയെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അധികൃതർ വിലയിരുത്തുന്നത്. എങ്കിലും സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോവുകയാണ്. അതേസമയം, ശബരിമലയിലെ വിവാദമായ സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് കടുത്ത പരിശോധനകളാണ് നടത്തുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എത്തിയ അന്വേഷണസംഘം കഴിഞ്ഞദിവസം ശ്രീകോവിലിലെ പ്രഭാമണ്ഡലം അടക്കം ഇളക്കിമാറ്റി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസ വാർത്തയും പുറത്തുവരുന്നത്. ഇന്ന് വീണ്ടും സന്നിധാനത്തെത്തിയ എസ്ഐടി സംഘം ശാസ്ത്രീയ പരിശോധനകൾക്കായി പ്രഭാമണ്ഡലത്തിൽ നിന്നടക്കം കൂടുതൽ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് വൻ സ്രാവുകളിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവർക്ക് എസ്ഐടി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും നിർദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനിയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2025-ൽ നടന്ന ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ഈ ശക്തമായ നീക്കം.

Related Articles

Back to top button