ഡോക്ടറുടെ അനാസ്ഥ; യുവാവിൻറെ കാൽ വിരൽ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി

സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് പൊലീസിൽ പരാതി നൽകി. കോഴിക്കോട് കല്ലാച്ചിയിലെ വിംസ് ആശുപത്രിക്കെതിരെയാണ് നാദാപുരം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് കാൽ വിരൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
എല്ല് പൊട്ടിയതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇതിന് മാത്രം ചികിത്സ നൽകിയ അധികൃതർ വിരലിലേക്കുള്ള ഞരമ്പ് മുറിഞ്ഞത് ശ്രദ്ധിക്കാതെ പോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. തുടർന്ന് വിരൽ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിൽ എത്തുകയായിരുന്നു. ഞരമ്പ് മുറിഞ്ഞത് കണ്ടെത്തുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഡോക്ടർ, പിഴവ് സംഭവിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ചുള്ള ചികിത്സയാണ് നൽകിയതെന്നും വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.




