കുതിരാൻ തുരങ്കത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ; വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് എംഎൽഎ

തൃശൂർ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് എംഎൽഎ കെ രാജൻ അറിയിച്ചു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544-ലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിന് സമീപത്താണ് മണ്ണിടിഞ്ഞത്. സ്ഥലത്തെത്തിയ ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രനും, എംഎൽഎ കെ രാജനും സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്ത് നാഷണൽ ഹൈവേ അതോറിറ്റിയുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് എംഎൽഎ അറിയിച്ചു.

ഇന്ന് രാവിലെയാണ് മലമുകളിൽ നിന്ന് രണ്ട് വ്യത്യസ്ത ഭാഗങ്ങളിലാണ് ചെറിയ തോതിൽ മണ്ണും അവശിഷ്ടങ്ങളും അടർന്നു വീണത്. തുരങ്കം നിർമ്മിച്ചിരിക്കുന്ന ഭാഗത്തിന് മുകളിൽ പാറക്കെട്ടുകൾക്ക് മുകളിലായുള്ള മണ്ണും മരങ്ങളും ഉൾപ്പെടുന്ന മേഖലയിലാണ് ഈ പ്രതിഭാസം ഉണ്ടായത്. നിർമ്മാണ സമയത്ത് കിഴക്കേ തുരങ്കമുഖത്ത് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് തുരങ്കമുഖം പൂർണ്ണമായും മൂടിപ്പോകുന്ന രീതിയിലായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മലഞ്ചെരുവ് തട്ടുകളാക്കി തിരിക്കുകയും ഷോർട്ട് കോൺക്രീറ്റിടൽ (പ്രത്യേക അനുപാത്തിൽ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഇരുമ്പ് വലകളിൽ പതിപ്പിക്കുന്ന രീതിയിൽ) നടത്തി ബലപ്പെടുത്തിയിരുന്നു.

കാലവർഷം ആരംഭിച്ച സമയത്തുതന്നെ പ്രദേശത്ത് നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന ഭാഗമായതിനാൽ സംഭവം യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.

Related Articles

Back to top button