വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്… ദുരിതബാധിത മേഖലകൾക്ക്….

സംസ്ഥാനത്ത് മഴയുടെ ശക്തി ചിലയിടങ്ങളിൽ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മൂലമുള്ള ദുരിതം പല പ്രദേശങ്ങളിലും തുടരുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ ഇപ്പോഴും കനത്ത വെള്ളക്കെട്ടിലാണ്. നിരണം, എടത്വ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ വരെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറിനിൽക്കുന്നതും ആശ്വാസം പകരുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

റാന്നിയിൽ വെള്ളം കയറിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. അതേസമയം, മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിൽ നേരിയ വർധന രേഖപ്പെടുത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 121 അടിയായപ്പോൾ, ഇടുക്കി അണക്കെട്ടിൽ അത് 2,349 അടിയിലെത്തി. കഴിഞ്ഞ നാലു ദിവസത്തിനിടെ ഇടുക്കി അണക്കെട്ടിൽ ഏകദേശം 20 അടി ജലനിരപ്പ് ഉയർന്നെങ്കിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും 28 അടി വെള്ളം കുറവാണെന്നാണ് കണക്ക്. സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച നാശനഷ്ടങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിശദമായി വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ചയാകും.

ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കുന്നതും മന്ത്രിസഭയുടെ പ്രധാന അജണ്ടയിലുണ്ട്. ഇന്നലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button