കെഎസ്ആർടിസി ബിസിനസ് ക്ലാസ് ഇനി ഓടും….

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതെ കട്ടപ്പുറത്ത് തുടർന്നിരുന്ന രണ്ട് ബിസിനസ് ക്ലാസ് ബസുകൾ ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകൾക്ക് ഇനി ബാക്കിയുള്ളത് ടാക്സുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ മാത്രമാണ്.
ബസുകൾ നേരത്തെ നിശ്ചയിച്ച റൂട്ടിൽ തന്നെ സർവീസ് നടത്താനാണ് നിലവിലെ കെഎസ്ആർടിസിയുടെ തീരുമാനം. കോടികൾ ചിലവഴിച്ചാണ് രാജ്യത്ത് ആദ്യമായി സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബിസിനസ് ക്ലാസ് ബസുകൾ അവതരിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസുകൾ കൊണ്ടുവന്നതിന്റെ പ്രധാന ലക്ഷ്യം കാർ യാത്രികരെ വീണ്ടും ബസ് യാത്രയിലേക്ക് ആകർഷിക്കുകയെന്നതായിരുന്നു.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാതെ ബസുകൾ പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ കിടന്നത് വാർത്തയായിരുന്നു. പിന്നാലെയാണ് വിഷയത്തിൽ കെഎസ്ആർടിസിയുടെ ഇടപെടൽ. ഇതിനിടെ, ബസുകൾ വാടകയ്ക്ക് എടുക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഓണം മുതൽ പുതുവത്സരം വരെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽ കണ്ടാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.



