കെഎസ്ആർടിസി ബസ് മറിഞ്ഞു… 80ലേറെ യാത്രക്കാർ, നിരവധി പേർക്ക്….

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പോത്തുണ്ടി ഡാമിന് സമീപത്തെ ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.
അപകടവിവരം ലഭിച്ചതോടെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. നെന്മാറയിൽ നിന്ന് ഏഴോളം ആംബുലൻസുകളും സ്ഥലത്തെത്തിയിരുന്നു. ബസിൽ കുടുങ്ങിയിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ അറിയിച്ചു. അപകടസമയത്ത് ബസിൽ 80-ലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് നിലവിലെ പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



