വാട്ടർ അതോറിറ്റിയിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിച്ച് ടേബിൾ സ്ഥലം മാറ്റത്തിന് നീക്കം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യത്തെ തുടർന്ന് നടപ്പിലാക്കിയ ഓൺലൈൻ പൊതു സ്ഥലംമാറ്റ പ്രക്രിയ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം. മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (BMS) രംഗത്തെത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന ജലവിഭവ വകുപ്പ് മന്ത്രിക്ക് തുറന്ന കത്തെഴുതി.
സ്ഥലംമാറ്റങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനും അഴിമതിയും ബാഹ്യ സ്വാധീനങ്ങളും ഒഴിവാക്കാനുമാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്താൻ ചില ഉന്നത ഉദ്യോഗസ്ഥരും ചില സംഘടനകളും ചേർന്ന് അണിയറയിൽ നീക്കം നടത്തുകയാണെന്ന് ബി.എം.എസ് ആരോപിച്ചു.



