പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നാളെ മുതൽ പ്രവേശനം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാനഘട്ടമായ മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഇതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമായി. അലോട്ട്മെന്റ് ലഭിച്ചവർക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശന നടപടികൾ ആരംഭിക്കാം. പ്രവേശനം ജൂലൈ 3 വൈകിട്ട് 5 മണിക്ക് മുമ്പായി പൂർത്തിയാക്കേണ്ടതാണ്. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവസരം ലഭിക്കില്ല.
വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്
അലോട്ട്മെന്റ് ലെറ്റർ അഡ്മിഷൻ സമയത്ത് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് ചെയ്ത് നൽകും. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മൂന്നാം അലോട്ട്മെന്റോടെ ഹയർ ഓപ്ഷൻ നിലനിർത്താനുള്ള അവസരം അവസാനിക്കുന്നതിനാൽ താൽക്കാലിക പ്രവേശനത്തിലുള്ളവർ ഉൾപ്പെടെ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും നിശ്ചിത ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി അടിസ്ഥാനത്തിലുള്ള അവസാന റാങ്ക് വിവരങ്ങളും വിദ്യാർത്ഥികൾക്ക് പരിശോധിക്കാനാകും.
ഹാജരാക്കേണ്ട രേഖകൾ
അലോട്ട്മെന്റ് ലെറ്ററിന്റെ ആദ്യ പേജിൽ ആവശ്യമായ രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പുവെച്ചിരിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ ഹാജരാക്കണം. ബോണസ് പോയിന്റ്, ടൈബ്രേക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ അവകാശപ്പെട്ടവർ അതുമായി ബന്ധപ്പെട്ട അസ്സൽ രേഖകളും സമർപ്പിക്കണം.
യോഗ്യതാ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്ക് അസ്സൽ ഹാജരാക്കാൻ അധികസമയം അനുവദിക്കും. യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ താൽക്കാലികമായി സ്വീകരിക്കുമെങ്കിലും, സ്കൂൾ അധികൃതർ ആവശ്യമെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിവരങ്ങളുടെ സാധുത പരിശോധിക്കും. എന്നാൽ വിടുതൽ സർട്ടിഫിക്കറ്റും സ്വഭാവ സർട്ടിഫിക്കറ്റും അസ്സൽ രൂപത്തിൽ തന്നെ പ്രവേശന സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
വിവിധ ക്വാട്ടകളിൽ പ്രവേശനം
മൂന്നാം അലോട്ട്മെന്റിനൊപ്പം വിവിധ ക്വാട്ടകളിലെയും പ്രവേശനം നടക്കുന്നതിനാൽ ഒന്നിലധികം ക്വാട്ടകളിൽ അർഹത നേടിയവർ തങ്ങൾക്ക് അനുയോജ്യമായ ഒരു ക്വാട്ട് മാത്രം തിരഞ്ഞെടുക്കണം. ഒരിക്കൽ പ്രവേശനം നേടിയാൽ പിന്നീട് മറ്റൊരു ക്വാട്ടിലേക്ക് മാറാൻ അവസരമുണ്ടാകില്ല.
അതേസമയം, ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നൽകേണ്ടതാണ്. പ്രവേശന സമയപരിധി കർശനമായി പാലിക്കേണ്ടതിനാൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകളും ഫീസും ഒരുക്കി നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കി സീറ്റ് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.



