കേരളം വീണ്ടും ഇരുട്ടിൽ… വൈദ്യുതി നിയന്ത്രണം തുടർന്നേക്കും

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ രാത്രി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. സമാന സാഹചര്യം തുടരുന്നതിനാൽ നിയന്ത്രണം തുടർന്നേക്കുമെന്നാണ് സൂചന.
മഴ കുറഞ്ഞതോടെ ചൂട് വർധിച്ചതും കണക്കുകൂട്ടിയതിലും ഉയർന്ന വൈദ്യുതി ആവശ്യകതയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമത്തെ തുടർന്ന് വൈദ്യുതോൽപാദനം കുറഞ്ഞതോടെ കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതത്തിലും കുറവുണ്ടായി. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4,999 മെഗാവാട്ടായിരുന്നു പീക്ക് ഡിമാൻഡ്. ആകെ വൈദ്യുതി ഉപയോഗം 93.74 ദശലക്ഷം യൂണിറ്റിലെത്തി. ഇതിൽ 24 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലവൈദ്യുതിയിൽ നിന്ന് ലഭിച്ചത്. ഏകദേശം 67 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് എത്തിക്കേണ്ടിവന്നു.
കഴിഞ്ഞ മാസം ഇതേ ദിവസം കേന്ദ്രവിഹിതമായി 42 ദശലക്ഷം യൂണിറ്റ് ലഭിച്ചപ്പോൾ ഇന്നലെ ലഭിച്ചത് 37 ദശലക്ഷം യൂണിറ്റ് മാത്രമാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ലഭ്യമായ വൈദ്യുതിക്ക് ഉയർന്ന വിലയും നൽകേണ്ടിവരുന്നു. മധ്യപ്രദേശിൽ നിന്ന് മുൻ ദിവസങ്ങളിൽ ലഭിച്ചതുപോലെ കടമായി വൈദ്യുതി ഇന്നലെ ലഭിക്കാതിരുന്നതും തിരിച്ചടിയായി. പീക്ക് സമയത്തെ വൈദ്യുതി ആവശ്യത്തിനായി കെഎസ്ഇബി നടത്തിയ ഹ്രസ്വകാല ടെൻഡറിനും കാര്യമായ പ്രതികരണമുണ്ടായില്ലെന്നാണ് റിപ്പോർട്ട്.
ആവശ്യകത വർധിക്കുന്നതിനനുസരിച്ച് ദീർഘകാല വൈദ്യുതി കരാറുകൾ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായി. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ഉൾപ്പെടെയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രണമില്ലാതെ വർധിക്കുന്നതായും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത ഉയരുകയും ചെയ്തതോടെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഈ മാസം തന്നെ നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.



