പിഎം ശ്രീയിൽ പുതിയ നടപടിയില്ല… ഡൽഹി ചർച്ചയെ തള്ളി….

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചയെക്കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുള്ളതിനാലാണ് അന്തിമ തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നടപടികളിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഡയറക്ടർ ഡൽഹിയിലെത്തിയത്. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ പുതിയ നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതി യോഗങ്ങൾ ചേർന്ന് വിവിധ വശങ്ങൾ പരിശോധിച്ചിട്ടുണ്ട്. എന്നാൽ അന്തിമ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രളയവുമായി ബന്ധപ്പെട്ട ചുമതലകളിലായിരുന്നതിനാൽ മന്ത്രിമാർക്ക് നേരത്തെ യോഗം ചേരാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് യോഗം വിളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിൽ ഒപ്പുവെച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് മുൻ ഇടതുസർക്കാരാണെന്ന വിമർശനവും മന്ത്രി ആവർത്തിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നിലവിൽ തീരുമാനമെടുക്കാൻ അടിയന്തര സാഹചര്യമില്ലെന്നും സർക്കാർ നിലപാട് മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കുമെന്നും നേരത്തെയും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, പിഎം ശ്രീ വിഷയത്തിൽ കേന്ദ്രവുമായി കേരളം വീണ്ടും ചർച്ച നടത്താനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിയിലുള്ള നിയന്ത്രണവും പദ്ധതി പ്രകാരം സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിലെ സംസ്ഥാന അധികാരവും സംബന്ധിച്ച് കേരളം നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button