പോപ്കോണിനും ഭക്ഷണത്തിനും അമിതവില… തിയറ്റർ കഫേകളിൽ ഇനിമുതൽ…

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു നടപടി.
പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾ കണ്ടെത്തി. സ്റ്റോർ റൂമിൽ ഭക്ഷ്യവസ്തുക്കൾ കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തത്, വിൽപ്പനയ്ക്കായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിർദേശങ്ങൾ പാലിക്കാത്തത്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തത് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. തിയറ്ററുകളിൽ വിലവിവരപ്പട്ടിക വ്യക്തമായി പ്രദർശിപ്പിക്കണമെന്നും എത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്നും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി.
അതേസമയം, പരിശോധനയിൽ അളവ്-തൂക്ക ഉപകരണങ്ങളിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ല. ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.



