കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം….ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ സിപിഐഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധി എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്ക് എതിരെ യുജിസിയും, ജോസഫ് സ്കറിയയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് യുജിസി നിലപാട്. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ആണ് പാലിക്കേണ്ടത് എന്നാണ് യുജിസി വാദം. കേസിൽ പ്രിയക്ക് അനുകൂല നിലപാടാണ് നേരത്തെ സംസ്ഥാന സർക്കാരും, കണ്ണൂർ സർവകലാശാലയും സ്വീകരിച്ചിരുന്നത്. നിലപാട് മാറ്റത്തിന് മുന്നോടിയായി സർവകലാശാലയും , സർക്കാരും അഭിഭാഷകരെ മാറ്റിയിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാലയ്ക്ക് വേണ്ടി പി എസ് സുൽഫിക്കർ അലിയും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജെയിംസ് പി തോമസും ആണ് കോടതിയിൽ ഇന്ന് ഹാജരാകുക.




