ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി… 29 വർഷത്തിന് ശേഷം വധശ്രമക്കേസ് പ്രതി…

കണ്ണൂർ: വധശ്രമക്കേസിൽ 29 വർഷമായി ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ പിടിയിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസലിനെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. 1997ൽ അഴീക്കോട് സ്വദേശി സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസൽ പ്രതിയായത്. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് പോയതോടെ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2002ലായിരുന്നു കോടതി നടപടി. തുടർന്ന് ദുബൈ, അയർലണ്ട്, പോളണ്ട് എന്നിവിടങ്ങളിലായി ഫസൽ താമസിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും കുടുംബം വിറ്റ് മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. വർഷങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഫസൽ നാട്ടിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചു. തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പൊലീസ്, നാട്ടിലെത്തിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞ പ്രതികളെ കണ്ടെത്തുന്നതിനായി കണ്ണൂർ സിറ്റി പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഫസലിനെ പിടികൂടിയത്.

Related Articles

Back to top button