മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ്, അംഗമാകാൻ… പ്രതികൾക്കെതിരെ…

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ 1500-ലേറെ അംഗങ്ങളുള്ള ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചെന്നും പിന്നീട് താൽപര്യമുള്ളവരെ ‘പ്രീമിയം’ ഗ്രൂപ്പിൽ ചേർത്ത് പണം ഈടാക്കിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി എസ്. ശ്രീഹരി നിർമിച്ച മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതിയായ സനീഷ് ഈ ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.
ഗ്രൂപ്പിനെ പ്രമോഷൻ പ്ലാറ്റ്ഫോമായി ഉപയോഗിച്ച് കൂടുതൽ ആളുകളെ ആകർഷിക്കുകയും പിന്നീട് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയുമായിരുന്നു രീതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ‘മല്ലു പ്രീമിയം ഗ്രൂപ്പ്’ എന്ന പേരിൽ പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായും പൊലീസ് കണ്ടെത്തി. ഈ ഗ്രൂപ്പിൽ പ്രവേശിക്കുന്നതിന് ഒരുതവണ 250 രൂപ വീതം ഈടാക്കിയെന്നാണ് വിവരം. പണം സ്വീകരിക്കുന്നതിനായി സനീഷ് ക്യുആർ കോഡ് അയച്ചുനൽകിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതുവരെ 12 പേർ പണം നൽകി ഗ്രൂപ്പിൽ അംഗങ്ങളായതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. വലിയ ടെലഗ്രാം ഗ്രൂപ്പുകളിൽ നിന്ന് താൽപര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകളിലേക്ക് എത്തിക്കുകയായിരുന്നു സനീഷിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമുണ്ടായിരുന്നില്ലെന്നും ടെലഗ്രാം വഴിയാണ് ചിത്രങ്ങൾ കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരിയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി ടെലഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. കേസിന് പിന്നാലെ ശ്രീഹരിയെ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ശ്രീഹരി നേരിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷിലേക്ക് അന്വേഷണം എത്തിയത്. ശ്രീഹരി ടെലഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സനീഷ് ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. സനീഷിന്റെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.



