10 വർഷത്തെ ക്ലിഫ് ഹൗസ് താമസത്തിന് വിരാമം, പശുക്കളെയും മാറ്റിയെന്ന് വിവരം, പിണറായിയുടെ വീടുമാറ്റത്തിൽ പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ചയാകുന്നു!

പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള 10 വർഷത്തെ ക്ലിഫ് ഹൗസിലെ താമസത്തിന് വിരാമമായി. ഇനി മുതൽ തിരുവനന്തപുരം നഗരത്തിലെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലായിരിക്കും അദ്ദേഹം കുടുംബ സമേതം താമസിക്കുക. മരുമകനും മന്ത്രിയുമായിരുന്ന പി.എ. മുഹമ്മദ് റിയാസാണ് വാടക വീടെടുത്തത്. കുടുംബം നേരത്തെ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ പുതിയ വീട്ടിലേക്ക് മാറ്റി. ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിൽ നിന്ന് പശുക്കളെയും മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ക്ലിഫ് ഹൗസിൽ 42.90 ലക്ഷം രൂപ ചെലവിട്ട് തൊഴുത്തും ചുറ്റുമതിലും നിർമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് ആറ് പശുക്കളെയാണ് പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. വീടുമാറ്റം അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെക്കുറിച്ചും അഭ്യൂഹങ്ങളുയർത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി കന്റോൺമെന്റ് ഹൗസായിരിക്കെയാണ് അദ്ദേഹത്തിന്റെ താമസമാറ്റം.
അതേസമയം, പിണറായി പ്രതിപക്ഷ നേതാവായാലും കന്റോൺമെന്റ് ഹൗസ് ഓഫീസ് പ്രവർത്തനങ്ങൾക്ക് മാത്രമായി മാറ്റിവെക്കുമെന്നാണ് സൂചന. അതോ മറ്റാരെങ്കിലും പ്രതിപക്ഷ നേതാവാകുന്നത് കണക്കിലെടുത്ത് കന്റോൺമെന്റ് ഹൗസ് ഒഴിവാക്കിയതാണോയെന്നും സംശയമുയർന്നു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്.



