ഡോക്ടർമാരെ സ്വാധീനിക്കുന്ന മരുന്ന് കമ്പനികളുടെ സമ്മാനങ്ങളും സൗജന്യങ്ങളും തടയണം; നിയമപരമായ നിയന്ത്രണത്തിന്….

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകി സ്വാധീനിക്കുന്നത് തടയാൻ കർശന നിയമങ്ങൾ കൊണ്ടുവരാൻ നീക്കം. ഇതിനായി നിയമപരമായ ചട്ടങ്ങൾ ശുപാർശ ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ജനുവരി 29ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളടക്കം നൽകിയുള്ള ഇടപാടുകൾ തടയുന്നതിനായി മരുന്ന് വിപണന രീതികളിൽ നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇവർ പരിഗണിച്ചത്്.

മരുന്ന് കമ്പനികളുടെ അന്യായമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നിയമപരമായ ചട്ടക്കൂട് ആവശ്യമാണോയെന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ രൂപീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

Related Articles

Back to top button