ജിഎൻഎ വഴി വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനിച്ചതറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് സണ്ണി ജോസഫ്

ജിഎൻഎ വഴി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇക്കാര്യം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ആവശ്യാനുസരണം ഏതു വകുപ്പിലെയും കാര്യങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നേരത്തേ ദീർഘനേരം ചർച്ച നടത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി മുൻ ചെയർമാൻ റിപ്പോർട്ട് നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സഹായകമായത് ഹിമാചലിൽനിന്ന് വൈദ്യുതി ലഭിച്ചതാണ്. നവംബർ മുതൽ 2027 മേയ് വരെ അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കിയതെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.



