കയ്പമംഗലം അപകടം… മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: കയ്പമംഗലത്ത് എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടറും തൃശൂർ ആർടിഒയും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. അപകടത്തിന് കാരണമായ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കും. ദേശീയപാതയിൽ ചരക്കുലോറികളുടെ അനധികൃത പാർക്കിങ്ങും എൻഎച്ച്എഐയുടെ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നതും പ്രത്യേകം അന്വേഷിക്കും.
അതേസമയം, കയ്പമംഗലം അപകടത്തിൽ അഞ്ചുദിവസത്തിനകം പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ദേശീയപാതയിൽ സുരക്ഷാ പരിശോധന ശക്തമാക്കും. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നും സുരേഷ് ഗോപി ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കൃത്യമായി ചുമതല നിർവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.




