മദ്യപാനത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി….

ഇടുക്കി: പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് തങ്കച്ചനും ബിനുവും. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം.

കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് തങ്കച്ചൻ പറഞ്ഞത്. എന്നാൽ ഇത് ഉദ്യോഗസ്ഥർക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല. തുടർന്ന് പെരുവന്താനം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് തങ്കച്ചനെ നയിച്ചതെന്താണെന്ന് ചോദ്യംചെയ്യലിലൂടെയേ വ്യക്തമാകൂ. ബിനുവും തങ്കച്ചനും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button