ഒരു മാസത്തെ പലിശ മുടങ്ങി… 11 വയസുകാരിയെ ബ്ലേഡ് മാഫിയ…

പാലക്കാട്: പലിശയ്ക്ക് നൽകിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് രണ്ട് പേർ അറസ്റ്റിൽ. ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിലാണ് വടക്കന്തറ സ്വദേശി സുന്ദർ രാജനും നന്ദകുമാറും പാലക്കാട് നോർത്ത് പൊലീസിന്റെ പിടിയിലായത്. 5.50 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നെന്നും ഇതിന്റെ ഒരു മാസത്തെ പലിശ മുടങ്ങിയെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ പേരിൽ പ്രതികൾ തന്റെ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം.
അന്യായമായി തടവിൽവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് നഗരവും കിഴക്കൻ മേഖലകളും കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള പലിശ മാഫിയ പ്രവർത്തിക്കുന്നതായി നേരത്തെയും ആരോപണങ്ങളുണ്ടെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഭീമമായ പലിശ ഈടാക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതായി പരാതികളുണ്ടെന്നാണ് വിവരം. ഒരു തവണത്തെ അടവ് മുടങ്ങിയാൽ പോലും കടം വാങ്ങിയവരെ സമ്മർദത്തിലാക്കുന്ന രീതിയിലാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനമെന്നാണ് ആരോപണം. 11 വയസുകാരിയെ തടഞ്ഞുവച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ അനധികൃത പലിശ ഇടപാടുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുകയാണ്.



