ഷോറൂം തുറന്ന് 15 ദിവസം മാത്രം… തനിഷ്ക് ജ്വല്ലറിയിൽ വൻ കവർച്ച

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച. 500 പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം. മോഷണം പോയ ആഭരണങ്ങളുടെ കൃത്യമായ കണക്ക് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 15 ദിവസം മുമ്പ് മാത്രം തുറന്ന ഷോറൂമിലാണ് കവർച്ച നടന്നത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കവർച്ച. പ്രാഥമിക വിവരങ്ങൾ പ്രകാരം, മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകയറി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഷോറൂമിൽ സൂക്ഷിച്ചിരുന്ന ആകെ സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായി മധുര സിറ്റി പൊലീസ് കമ്മിഷണർ രാജേന്ദ്രൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ ആഭരണങ്ങളുടെ കൃത്യമായ അളവും മൂല്യവും സംബന്ധിച്ച പരിശോധന തുടരുകയാണ്.




