ട്രെയിൻ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം… കാറ്ററിങ് കരാറുകാരന്…

ഗുവാഹത്തി: ട്രെയിനിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). കരാറുകാരന് പിഴ ചുമത്തിയതായും സംഭവവുമായി ബന്ധപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ഗുവാഹത്തി–ഓഖ ദ്വാരക എക്സ്പ്രസിൽ യാത്ര ചെയ്ത അമിത് അവസ്തിയാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. ഭക്ഷണത്തിന്റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ വെള്ളിനിറത്തിലുള്ള ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അമിത് വീഡിയോയിൽ പറയുന്നു. അറിയാതെ ലോഹക്കഷണം ഭക്ഷണത്തോടൊപ്പം ഉള്ളിൽ ചെന്നിരിക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിന്റെ ഭാഗമാകാം ഭക്ഷണത്തിൽ കണ്ടെത്തിയ ലോഹക്കഷണമെന്നാണ് കാറ്ററിങ് ജീവനക്കാർ വിശദീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയിൽ ജീവനക്കാരൻ ഇക്കാര്യം പറയുന്നുണ്ട്. ഇത്തരം സ്ക്രബറുകളും മെഷ് പാഡുകളും സാധാരണയായി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിക്കുന്നത്. യാത്രക്കാരന് പകരം ഭക്ഷണം നൽകാമെന്നും പണം തിരികെ നൽകാമെന്നും ജീവനക്കാരൻ അറിയിച്ചു. സംഭവത്തിൽ ആവർത്തിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാൽ പുതിയ ഭക്ഷണമോ പണമോ സ്വീകരിക്കാൻ അമിത് തയ്യാറായില്ല. പകരം റെയിൽവേയ്ക്ക് ഔദ്യോഗികമായി പരാതി നൽകുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചതിന് പിന്നാലെ ഐആർസിടിസിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരണവുമായി എത്തി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു. കാറ്ററിങ് കരാറുകാരന് പിഴ ചുമത്തിയതായി ഐആർസിടിസി വ്യക്തമാക്കിയെങ്കിലും പിഴത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button